മഴക്കാലവിളയായി മെയ്-ആഗസ്ത് മാസങ്ങളില്‍ കുമ്പളം കൃഷി ചെയ്യാം. നമ്മുടെ നാട്ടില്‍ നന്നായി വിളവ് തരുന്ന രണ്ടിനങ്ങളാണ് കെ.എ.യു. ലോക്കലും ഇന്ദുവും. പത്ത് സെന്റ് കുമ്പളം കൃഷിയില്‍ നിന്നും ഒന്നര ടണ്‍ വരെ വിളവ് പ്രതീക്ഷിക്കാം.രണ്ടടി വലിപ്പവും ഒന്നരയടി ആഴവുമുള്ള കുഴികളെടുത്ത് മേല്‍മണ്ണും കാലിവളവും ചേര്‍ത്ത് കുഴികളില്‍ നിറയ്ക്കണം. പത്ത് സെന്റിലേക്ക് അര ടണ്‍ ചാണകവളം മതിയാകും. കുഴിയൊന്നിന് അഞ്ച് വിത്ത് വരെ പാകാം. മുളച്ച് രണ്ടാഴ്ചക്കുശേഷം ഒരു തടത്തില്‍ നല്ല മൂന്നു തൈകള്‍ നിര്‍ത്തിയാല്‍ മതിയാകും. വള്ളി വീശുമ്പോഴും പൂവിടുമ്പോഴും ചാണകവളമോ മണ്ണിര കമ്പോസ്റ്റോ ചേര്‍ത്ത് മണ്ണ് കൂട്ടണം. പൂവിട്ടു തുടങ്ങിയാല്‍ ഒരു കിലോഗ്രാം പച്ചച്ചാണകം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയെടുത്ത ലായനി പത്ത് ദിവസത്തെ ഇടവേളകളില്‍ തളിച്ചുകൊടുക്കുന്നത് വിളവ് കൂട്ടുന്നതായി കണ്ടിട്ടുണ്ട്. ഓല, പച്ചിലച്ചപ്പുചവറുകള്‍ എന്നിവ ചെടികള്‍ പടര്‍ന്നു തുടങ്ങുമ്പോഴേയ്ക്കും വിരിച്ചുകൊടുക്കണം. ജൈവ കീടനിയന്ത്രണത്തിനായി മട്ടിയുടെയും കശുമാവിന്റെയും ഇലച്ചാര്‍ മിശ്രിതം പത്ത് ശതമാനം വീര്യത്തില്‍ തയ്യാറാക്കി തളിക്കാം. പത്ത് ഗ്രാം കാന്താരി മുളക് അരച്ച് ഒരു ലിറ്റര്‍ ഗോമൂത്രത്തില്‍ ചേര്‍ത്തു തയ്യാറാക്കുന്ന ലായനിയില്‍ 9 ലിറ്റര്‍ വെള്ളം ചേര്‍ത്ത് തളിച്ചാല്‍ ഇലയും പൂവും തിന്നുനശിപ്പിക്കുന്ന കീടങ്ങളെ അകറ്റാം