ഭക്ഷ്യയോഗ്യമായ ഒരു കിഴങ്ങാണ് മരച്ചീനി. സസ്യത്തിന്റെ വേരാണ് കിഴങ്ങായി മാറുന്നത്. യൂഫോർബിയേസീ എന്ന സസ്യകുടുംബത്തിലെ അംഗമായ മരച്ചീനിയുടെ ശാസ്ത്രീയനാമം മാനിഹോട്ട് എസ്കുലാൻറാ (Manihot esculanta) എന്നാണ്. ഇവയെ തെക്കൻ കേരളത്തിൽ കപ്പ എന്നും വടക്കൻ കേരളത്തിൽ പൂള എന്നും മധ്യകേരളത്തിൽ പല പ്രദേശങ്ങളിലും കൊള്ളി എന്നുമാണ് അറിയപ്പെടുന്നത്. ഇംഗ്ലീഷിൽ cassava എന്നു പറയുന്നു. എങ്കിലും കപ്പയുടെ പൊടിയ്ക്കു പറയുന്ന tapioca എന്ന പേരാണ് കേരളത്തിൽ പ്രചാരം നേടിയത്.
നീർവാർച്ചയുള്ള മണ്ണാണ് കപ്പ കൃഷിക്ക് അനുയോജ്യം. മണ്ണ് ഇളക്കി കൂനകൾ ഉണ്ടാക്കിയാണ് സാധാരണ കൃഷി ചെയ്യാറ്. ഇത്തരം കൂനകളെ കപ്പക്കൂടം എന്നു വിളിക്കുന്നു. ശൈത്യം കപ്പ കൃഷിക്ക് അനുയോജ്യമല്ല. വെള്ളം കെട്ടിനിൽക്കാത്ത മണൽക്കൂട്ടുന്ന നിലങ്ങളിൽ ചെടി നന്നായി വളരുന്നു. കപ്പത്തണ്ട് ഒരു ചാൺ നീളത്തിലുള്ള ചെറുതുണ്ടുകളാക്കി മുറിച്ച് മണ്ണിൽ കുഴിച്ച് മൂന്നിൽ രണ്ട് ഭാഗം മണ്ണിൽ വരാവുന്ന വിധം വാരത്തിൽ നടക്കുക. ഓരോ തണ്ടും ഒരു മീറ്റർ അകലത്തിൽ വേണം നടാൻ. എട്ട് മുതൽ പത്ത് മാസം കൊണ്ട് കിഴങ്ങുകൾ പാകമാവുന്നു. കുറഞ്ഞ കാലദൈർഘ്യം കൊണ്ട് വിളവെടുപ്പിനു പര്യാപ്തമാവുന്ന കപ്പയുടെ പ്രധാന ശത്രു പെരുച്ചാഴി അല്ലെങ്കിൽ എലി വർഗ്ഗത്തിൽ പെട്ട ജീവികളാണ്. വെട്ട്കിളിശല്യമോ മറ്റ് പറയത്തക്ക കീടബാധയോ കണ്ടുവരുന്നില്ല
മരച്ചീനിയിൽ പ്രധാനമായും ബാധിക്കുന്ന രോഗം മെസേക് രോഗമാണ്. ഇത് വൈറസ് ജന്യരോഗമായതിനാൽ മുൻകരുതലുകളിലൂടെ മാത്രമേ നിയന്ത്രണം സാധിക്കുകയുള്ളൂ.രോഗമില്ലാത്ത കമ്പുകൾ തിരഞ്ഞെടുത്ത് നടുന്നതിൽ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ രോഗം അകറ്റി നിർത്തുവാൻ സാധിക്കും. കൂടാതെ ഇങ്ങനെയുള്ള കമ്പുകളുടെ മുകുളങ്ങൾ മാത്രം വേർതിരിച്ച് പ്രത്യേക മാധ്യമത്തിൽ വികസിപ്പിച്ച് എടുത്തു നടുന്നതുവഴിയും ഈ രോഗം കുറച്ചുകൊണ്ടുവരുവാൻ സാധിക്കും. മുളപൊട്ടി വന്നതിനുശേഷം മണ്ണ് കുറേശ്ശെ ഇളക്കി കളകള്‍ കളയണം. അതിനുശേഷം വളം ചേര്‍ക്കാം. ആദ്യമായി കപ്പയുടെ ആദ്യവള പ്രയോഗത്തിനു മുമ്പ് കപ്പത്തണ്ട് വട്ടത്തില്‍ ചെറുതായി മുറിക്കുക. ഇങ്ങനെ മുറിക്കുന്നത് മണ്ണിന്റെ കുറച്ചു മുകളില്‍ ആകണം. മുറിച്ചു കഴിഞ്ഞ കപ്പത്തണ്ടില്‍ നിന്നും പാല് പോകണം. അതു കഴിഞ്ഞ് ആ ഭാഗം മണ്ണിട്ടു മൂടുകയും വളം ചേര്‍ത്തു കൊടുക്കുകയും ചെയ്യണം, ശേഷം കപ്പ പറിക്കുമ്പോള്‍ കപ്പത്തണ്ടിന്റെ മുറിച്ചഭാഗത്ത് കപ്പ ഉണ്ടായതായി കാണാം. ഇതാണ് അധിക വിളവ്. സാധാരണയായി കപ്പയുടെ അടിഭാഗത്തു മാത്രമേ കപ്പ ഉണ്ടാവുകയുള്ളൂ. എന്നാല്‍ ഇതില്‍ നാം മുറിക്കുന്ന ഭാഗത്തും കപ്പ കാണും. അതു കൊണ്ടു രണ്ടിരട്ടിയായി കാണാം. ഇതില്‍ നിന്നും കൂടുതല്‍ കപ്പകള്‍ ലഭിക്കുന്നു. ഇത് ഏറ്റവും ചുരുങ്ങിയ ചിലവില്‍ കൂടുതല്‍ വിളവു ലഭിക്കുന്നകൃഷിരീതിയാണ്. വളമിടീലും മറ്റും കൂടുതലായി ആവശ്യമില്ല.